Sunday, 23 February 2014

എനിക്കുമങ്ങനെ തോന്നിപോകുന്നു



        ഏതോ ഒരു മനം മടുപ്പിൻറെ  നിമിഷത്തിൽ fbയിൽ എഴുതിയിരുന്നു ..."ഞാൻ എഴുത്ത് നിർത്തി ...ഇനിയില്ല .."എന്നൊക്കെ .അന്ന് വൈകിട്ട് എനിക്കൊരു മെസ്സജ് വന്നു .എൻറെ friendlist  ഇല്ലാത്തൊരു  പ്രൊഫൈലിൽ നിന്നും ...അത് പെട്ടന്ന് തട്ടിക്കുട്ടിയ ഒരു ഫേക്ക് പ്രൊഫൈൽ ആണെന്ന് തോന്നി..അന്ന് create ചെയ്ത ഒന്ന് ...ഇത്ര ആത്മാർഥമായ  ഭാഷയിൽ എനിക്ക് മറ്റൊരു മെസ്സജും കിട്ടിയിട്ടില്ല ...ഞാനത് ഡിലീറ്റ്   ചെയ്യാതെ  വെച്ചു .(വടക്കിനു വടക്കു ഭാഷ എന്നൊന്നില്ല.അതിന്റെ നിർവൃതിയിൽ മെസ്സജ് ഇവിടെ  പകർത്തുന്നു).

                            "എടീ നായിൻറെ  മോളെ എന്താ നിൻറെ വിചാരം ,നീ എഴുത്ത് നിർത്തി  എന്ന് കരുതി ലോകമങ്ങു അവസാനിച്ചു പോകുമെന്നോ ?അതിൻറെ പേരിൽ ഒരു പൂവു പോലും കൊഴിഞ്ഞു പോകുന്നില്ല ...ഒരു ഹൃദയവും മിടിക്കാതാവുന്നുമില്ല ..നിന്റെ About Meയിൽ നീ സ്വയം പറയുന്നുവല്ലോ "അഹങ്കാരി"യെന്നു...അതാണ്‌ സത്യം ..നിനക്ക്  അഹങ്കാരമാണ് ...ഒരു കാര്യതിനുമില്ലാത്ത അഹങ്കാരം. ചെറിയ കഴിവുകളൊക്കെ ദൈവം തരുമ്പോൾ അതെന്തോ മല മറിച്ചു കിട്ടിയതാണെന്ന നിൻറെ വിചാരം മാറ്റുന്നതാ നല്ലത് ..നീ എഴുതിയങ്ങു സാഹിത്യ ലോകത്തെ നക്ഷത്രമാകാനോന്നും പോകുന്നില്ല .ബ്രെണൻ  മാഗസിനിലെ  നിന്റെയാ പഴങ്കഞ്ഞി കവിതയില്ലേ "പുനർജനി "...അത് മാത്രമാ ഇത്തിരി കൊള്ളാവുന്നത് ...നിനക്ക് വായന തീരേയില്ല ...അതിന്റെ വിവരക്കേടും വിവേകക്കേടും മാത്രമേ ഉള്ളു .എടീ ചുടല ഭദ്രകാളി....നീയെഴുതിയതെല്ലാം കത്തിച്ചു കളയാതിരുന്നെങ്കിൽ അതൊക്കെ കൂടി നിൻറെ പതിനാറടിയന്തിരത്തിനു വരുന്നോർക്കു പുഴുങ്ങി കൊടുക്കമായിരുന്നു "
                                                ഞാനൊരു നുറു തവണയെങ്കിലും വായിച്ചു കാണും ..അഭിസംബോധന തന്നെ കേമം...അതിൻറെ ആത്മാർത്ഥതയിൽ ഞാനങ്ങു വീണു .ആരായിരിക്കുമത് ?ഒരുപിടിയുമില്ല ..എന്നെ 'ചുടല ഭദ്ര കാളീ 'ന്നു വിളിക്കാറുള്ളത് ഗൾഫുകാരൻ സുഹൃത്ത്‌ സൈജുവാണ് ...ഏതായാലും അവനല്ല ..പിന്നെ തെറി യഭിഷേകത്തിന്റെ  ഗുരുക്കന്മ്മാരായ രണ്ടു പേരുണ്ട് ...അവരാണെങ്കിൽ    എഴുത്ത് നിർത്തിയതിൽ നേരിട്ട് വിളിച്ചു അഭിനന്ദനം അറിയിച്ചവരാണ് ...അപ്പോൾ അവരുമല്ല ..പിന്നെയാര് ?
 അങ്ങനെയിരിക്കെ ദാ ...മറ്റൊരു മെസ്സജ് 
                    "കുല ദ്രോഹീ അപ്പോൾ നീ എഴുത്ത് നിർത്തിയില്ല അല്ലെ ?നിൻറെ പീറ ബ്ലോഗ്‌ കണ്ടു.അതിൻറെ പേരിൽ തന്നെയുണ്ട്‌ ഒരു അപശകുനം ...എഴുത്തിനൊന്നും ആത്മാർഥതയെ ഇല്ല ...എഴുതാത്തതാ ഇതിലും നല്ലത് "
             ഇത്തവണ ഞാൻ മറുപടി അയച്ചു
"നിങ്ങളുടെ ആത്മാർഥത എനിക്കിഷ്ടമായി .ആരാണ് നിങ്ങൾ ?അറിയാൻ ആഗ്രഹമുണ്ട് "
മറുപടി വന്നു
       "നിൻറെ തന്ത "
                              I am totally confused.ഇനിയിപ്പോ എൻറെ തന്ത തന്നെ ആവുമോ അത് ?അല്ലാ ആത്മാംശം കലർന്ന അഭിസംബോധന കാണുമ്പോൾ എനിക്കുമങ്ങനെ തോന്നിപോകുന്നു

ജഹനാര അഥവ ക്ഷണഭംഗുര



ആഗ്രാ കോട്ടയിലെ ജാസ്മിൻ കൊട്ടാരത്തിൻറെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടുകിട്ടിയ ജഹനാരയുടെ ആത്മകഥയിലൂടെ രണ്ടു ദിവസങ്ങളിലായി ഞാൻ മുഗൾ കൊട്ടാരങ്ങളിലെ ഗാംഭീര്യതയിൽ ജഹനാരക്കൊപ്പം അവളുടെ സങ്കടങ്ങളിൽ അലയുകയായിരുന്നു .
അവൾ പറഞ്ഞു
                            "ആഗ്രാ കോട്ടയിലെ ഈ സൗധത്തിലിരുന്ന് കൈ വിളക്കിൻറെ മങ്ങിയ പ്രകാശത്തിലിരുന്ന് വിറയ്ക്കുന്ന കരങ്ങളോടെ ഞാൻ ആത്മകഥ എഴുതും .എന്നാൽ എൻറെ അന്തരംഗത്തിലെ രഹസ്യം രഹസ്യമായി തന്നെ സൂക്ഷിക്കും ."
         എന്തും തുറന്നു പറയാനുള്ള ഇന്നത്തെ പെണ്‍കുട്ടികളുടെ ചങ്കൂറ്റത്തൊട് അസൂയപ്പെട്ടു ജഹനാര തുടർന്നു .
                          "അങ്ങനെ ചെയ്തില്ലെങ്കിൽ പിന്നെ ഞാൻ എങ്ങിനെ ജീവിക്കും .ഞാൻ ഒരു സ്ത്രീയാണ് ...വെറുമൊരു രാജകുമാരിയായ സ്ത്രീ ."
       ഷാജഹാൻ ചക്രവർത്തിയുടെ പുത്രി ജഹനാര ...അവൾ മുഗൾ രാജകുമാരിമാരിൽ ഏറെ  വ്യത്യസ്ത ആയിരുന്നു.അന്ധവും ക്രൂരവുമായ രാജശാസനകളെ അവൾ വെറുത്തു .ഔറംഗസീബിനെ തള്ളി പറഞ്ഞു.  ഔറംഗസീബ് പിതാവായ ഷാജഹാനെ തടവിലിട്ടപ്പോൾ ജഹനാരയും തുറുങ്കിലായി.സഹോദരൻ ദാരയായിരുന്നു അടുത്ത കിരീടാവകാശി എങ്കിൽ അവൾ കാത്തുവെച്ച ഒരു മോഹം പൂവണിയുമായിരുന്നു  .ബുന്ദിയിലെ രജപുത്ര രാജാവ് ഛത്രസാലനുമായുള്ള  തൻറെ  വിവാഹം ..
       മുതു മുത്തച്ഛനായ അക്ബറിന്റെ  ഒരു ശാസനം മുഗൾ പെണ്മക്കളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി .രാജവംശത്തിലെ പെണ്‍കുട്ടികൾ വിവാഹിതരാവരുത് എന്നായിരുന്നു ആ കല്പന .ദാര ചക്രവർത്തി ആകുന്നതും ആ നിയമം തിരുത്തപെടുന്നതും പ്രാർഥിച്ചു ജഹനാര കാത്തിരുന്നു ...എന്നാൽ യമുനയിലൂടെ രക്തമൊഴുകുന്നത് കാണാനായിരുന്നു അവൾക്കു വിധി .
         യുദ്ധത്തിൽ ഛത്രസാലൻ കൊല്ലപ്പെട്ടതിനു ശേഷം ഏകാകിനിയായ ജഹനാരയുടെ മേൽ ഔറംഗസീബിന്റെ മറ്റൊരു കല്പന ഇടിത്തീ പായിച്ചു .തൻറെ രാജ്യത്തു സംഗീതം നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് .തങ്ങളുടെ സംഗീതോപകരണങ്ങളും  പേറി ഗായകർ തെരുവിലൂടെ വിലാപയാത്ര നടത്തുന്നത് ,ഒരു കാലത്ത് ഭരണത്തിന്റെ ചുക്കാൻ പിടിച്ചിരുന്ന ജഹനാര നിസംഗയായി കണ്ടു നിന്നു .
            ക്രൂരനായ ഔറംഗസീബിനു മാപ്പുകൊടുക്കാൻ തക്ക ഹൃദയവിശാലത അവൾക്കുണ്ടായിരുന്നു .സഹോദരനായ മുരാദിനെ ബുദ്ധി ഭ്രംശം വരുത്തി ഇഞ്ചിഞ്ചായി കൊല്ലാനുള്ള 'പപിർനീർ 'കുടിപ്പിച്ച  ഔറംഗസീബിനു ജഹനാര മറ്റൊരു പാനപാത്രം നല്കുന്നു.വിഷത്തിനു പകരമതിൽ ഹിംസയെ ഉന്മൂലനം ചെയ്യുന്ന ദുഖമെന്ന അമൃതധാരയായിരുന്നു.
     തൻറെ ശവകുടീരത്തിലെ സ്മാരക ശിലയിൽ രേഖപ്പെടുത്താൻ അവൾ ജീവിതത്തിന്റെ ആത്യന്തിക പാഠം ഇങ്ങനെ എഴുതി വെച്ചു .
                                     "പുൽപ്പരപ്പല്ലാതെ  എൻറെ സമാധിക്കുമേൽ ഒരു ആവരണവും പാടില്ല .ഈ ഏളിയവളുടെ സമാധിയുടെ മേൽവിരി പുല്ലിൻറെ പച്ചപ്പായിരിക്കട്ടെ ."
            ആ അന്ത്യസന്ദേശത്തിനു  കീഴെ അവൾ തനിക്കുള്ള വിശേഷ വാക്യങ്ങൾ ഇങ്ങനെയും കുറിച്ചിട്ടു .
                           "സൂഫി വര്യനായ ചിസ്തിയുടെ ശിഷ്യയും ഷാജഹാൻ ചക്രവർത്തിയുടെ പുത്രിയുമായ ജഹനാര -ക്ഷണഭംഗുരയായ ജഹനാര "
        ജഹനാരയുടെ ചിന്തകൾക്കൊപ്പം കൈകോർത്തു മുഗൽകൊട്ടാരത്തിലെ പടവുകളിലിരിക്കെ എൻറെ മൊബൈലിലേക്ക് ഒരു മെസ്സേജ്...എൻറെയൊരു സുഹൃത്ത്‌ ഷാജഹാന്റെ ...അതിങ്ങനെ ആയിരുന്നു
                               "എൻറെ മകൾക്ക് ഒരു നല്ല പേര് വേണം "
           മുഗൾ ചക്രവർത്തി  ഷാജഹാന്റെ പ്രിയപുത്രി ജഹനാരക്കൊപ്പം ചിന്തകളുടെ മായികതയിൽ അലഞ്ഞതിന്റെയും ആ സന്ദർഭത്തിൽ തന്നെ അതേ പേരുകാരൻ മകൾക്കൊരു പേരിനു വേണ്ടി   മെസ്സേജ് അയച്ചതിലും ഭ്രമിച്ചു ഞാൻ മറുപടി അയച്ചു.
                "നിർമ്മിതികളുടെ രാജകുമാരാ ...അങ്ങേക്കു പ്രണാമം ...ഉചിതവും ഗംഭീരവുമായ ഒരു നാമധേയം അങ്ങയുടെ പുത്രിക്ക് ചരിത്രം തന്നെ നല്കിയിട്ടുണ്ട് .ഞാനതിനു ഒരു നിമിത്തം മാത്രമാവുന്നു.'ജഹനാര  അഥവ ക്ഷണഭംഗുര '...ഇതിലും ഉചിതമായ മറ്റൊരു പേര് ഞാനെങ്ങനെ നിർദ്ദേശിക്കാനാണ്.അങ്ങയും പുത്രിയും ഒരു തടവറകളിലും അടക്കപ്പെടാതിരിക്കട്ടെ ....അവളുടെ പ്രണയവും സംഗീതവും നിഷേധിക്കപ്പെടാതിരിക്കട്ടെ ...അങ്ങയുടെ പുത്ര വാത്സല്യം പുത്രി വാത്സല്യത്തിനു തടസമാവതിരിക്കട്ടെ ..."
        മെസ്സെജ് മുഴുവൻ വായിച്ചോ എന്നറിയില്ല ...ഉടൻ വന്നു അവൻറെ  വിളി ..
                                 "പേരൊക്കെ കൊള്ളാം ...ഇഷ്ടായി ...പക്ഷേ ....ഇൻറെ പെരാന്ത് എനിയും മാറീറ്റില്ല  ..അല്ലെ ?"
             ഒന്നു ചമ്മിയെങ്കിലും എൻറെ പെരാന്തിനെ കുറിച്ച് അവനോടെന്തു പറയാൻ ...പകരം ഞാൻ ജഹനാരക്കൊപ്പം ചിന്തിച്ചു ....ചിരിച്ചു ....പിന്നെ ഞങ്ങൾ ഒരുമിച്ചെഴുതി ..
                                   "എൻറെ ശവകുടീരത്തിനാവരണം ഹരിത തൃണമായിരിക്കട്ടെ...പാദ ദലിതമാക്കുകയാണെങ്കിലും പുല്ല് വീണ്ടും കിളിർക്കുമല്ലോ "


   അറിവുകൾക്ക് കടപ്പാട് -1) സുഭാഷ് ചന്ദ്രൻ
                                                                മാതൃഭൂമി  തൊഴിൽ വാർത്ത  ഹരിശ്രീ   
                                                                2) എം .എൻ .സത്യാർത്ഥി
                        ജഹനാര - മാതൃഭൂമി ബുക്സ്

ചില കാര്യങ്ങൾ



       പെമ്പില്ലേരെ കാണുമ്പോൾ "ചരക്കു കൊള്ളാലോ "എന്ന് പറയുന്ന ആമ്പില്ലേരെ  ഒരു കാര്യം ...നിങ്ങൾ ഒരിക്കലും പെമ്പില്ലേരുടെ മുഖത്തു മാത്രം നോക്കി ഇങ്ങനെ പറയില്ല ."അവിടേം ഇവിടേം" ഒക്കെ നോക്കിയാ കമന്റുന്നത് ...നിങ്ങൾക്കും ഇങ്ങനെ "അവിടേം ഇവിടേം" ഒക്കെ വല്ലതും ഉണ്ടായിരുന്നേൽ  പെമ്പില്ലേരും തിരിച്ചു പറയുമായിരുന്നു ...അതൊന്നും ഇല്ലാതായി പോയത് നിങ്ങളുടെ ഒരു ന്യൂനത തന്നെയാണേയ്.....
       പെമ്പില്ലേരുടെ ഫോട്ടോസ് മോർഫ്  ചെയ്തു രസിക്കുന്നവരോടും പറയാനുണ്ട് ...ഒരു ബ്ലാക്ക്‌ മെയിലും നടക്കാൻ പോകുന്നില്ല ...ആരുടെ മാനോം പോകുന്നില്ല ..അല്ലേലും പെണ്‍കുട്ടികളുടെ അഭിമാനം മോർഫ് ചെയ്ത ഒരു ഫോട്ടോയിലോ അവളുടെ ശരീരത്തിലോ ആണെന്നും അതങ്ങനെയിങ്ങനെ പൊയ്പ്പോകുന്ന ഒന്നാണെന്നും ആരാണാവോ പറഞ്ഞത് ...പണ്ട് പണ്ടേ ചില സ്വാർത്ഥ മൊഹികൾ  അടിച്ചു കയറ്റിയ ഒരു ഇരുമ്പാണിയാണത്...തുരുമ്പിച്ചു പോയെങ്കിലും ഊരി കളയാൻ ഇത്തിരി പ്രയാസമുണ്ടെന്നത് സത്യവുമാണ് ....അല്ലെങ്കിലും ഗർഭം ധരിക്കാനുള്ള സ്ത്രീ ശരീരത്തിന്റെ  സവിശേഷതയെ മാത്രമാണ് വളച്ചൊടിച്ചു അവളുടെ തന്നെ ശാപമാക്കി "മാനം "എന്നങ്ങു മുദ്രപ്പെടുത്തിയത്. ഗർഭണൻമാരാവാൻ നിങ്ങൾക്കും കഴിയുമെങ്കിൽ ...നിങ്ങളെയൊക്കെ ആ സവിശേഷാവസ്ഥയിൽ ആക്കിതീർക്കാനുള്ള അതിവിശേഷത ഞങ്ങൾക്കും ഉണ്ടായിരുന്നെങ്കിൽ ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല ...'ചാരിത്ര്യം ,മാനം ' ഇമ്മാതിരി വാക്കുകളേ ഉണ്ടാകുമായിരുന്നില്ല
     പെമ്പിള്ളേർ അപ്പിയിടുന്നത് ഓർത്താൽ പോലും ഒർഗാസിക്കുന്ന ചില അതിവിശാലരോട്  ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല (എന്റെ "നിഷ്കളങ്ക സുഹൃത്തുക്കൾ ക്ഷമിക്കുക )

Thursday, 20 February 2014

അനുഭവങ്ങൾ ഒറ്റപ്പെട്ടിരിക്കുന്നില്ല




"ഓരോ നിമിഷത്തിലെ അനുഭവങ്ങളും ഒറ്റപ്പെട്ടിരിക്കുന്നില്ല .അതിനൊരു തുടർച്ച അങ്ങു ഓർമ്മകളുടെ അറ്റത്തു നിന്നും തുടങ്ങി ഇന്നിലൂടെ വരാനിരിക്കുന്ന മറ്റെന്തിലോ കോർത്തിരിക്കുന്നു.അത് പിന്നെയും നീണ്ടു നീണ്ടങ്ങനെ ....
                 ഇന്നലെ ബ്രണ്ണനിലെ നീളൻ വരാന്തയിലൂടെ പോകുമ്പോൾ പേരറിയാത്തയാ പാട്ടുകാരൻ കുട്ടി "റസൂലെ  നിൻ വരവാലെ ..."എന്ന് പാടി എൻറെ മനസ്സിനെ ഒരു നീറുന്ന ഓർമ്മയിൽ കോർത്തു വെച്ചു.
       വേനലവധി ആഘോഷിക്കുവാൻ ബന്ധു വീട്ടിൽ എത്താറുള്ള  എന്റെ തൃശൂർക്കാരൻ  ബാല്യകാലസുഹൃത്ത്‌  പ്രസൂണ്‍ ....എൻറെ കുഞ്ഞുസങ്കടങ്ങളുടെ ലോകത്ത് തനിച്ചാക്കലിന്റെ ചുടു നേരങ്ങളിൽ  തൃശൂർഭാഷയിൽ ചറ പറാ  പലതും പറഞ്ഞ് ,"റസൂലെ നിൻ കനിവാലെ  " പാടി തന്ന് ,രംഗപൂജ ചെയ്ത് ,നിറഞ്ഞ സ്നേഹത്താൽ ഒരുപാടുമ്മകൾ തന്ന്  എന്നെയാകെ വിസ്മയത്തിലാക്കിയ എൻറെ പാട്ടുകാരൻ ..
       എൻറെ മൂന്നു വേനലവധികൾ അവനാൽ നിറഞ്ഞു ....അഞ്ചാം തരത്തിലെ അവധിക്കു അവൻ വന്നില്ല .അത്തവണ അവൻ പാലക്കാട്ടുള്ള  ബന്ധു വീട്ടിലാ പോകുന്നതെന്ന് അവൻറെ വീട്ടിലെ ചേച്ചി പറഞ്ഞു.ഞാനോരുപാട് സങ്കടപ്പെട്ടു .പിന്നെയും ഞാൻ തനിച്ചാക്കലിന്റെ  വേനലിലുരുകി ...അടുത്ത തവണ വരുമായിരിക്കുമെന്നു ആശ്വസിച്ചു .അവൻ പിന്നെ ഒരു വേനലവധിക്കും വന്നതേ ഇല്ല .ഞാൻ അവനോടു പിണങ്ങി .ഇനി വന്നാലും മിണ്ടാൻ പോകുന്നെ ഇല്ലെന്നു മനസ്സിലുറച്ചു .അവനെക്കുറിച്ചു ബന്ധു വീട്ടിലെ വല്ലവരോടും ചോദിച്ചാലൊന്നു  പലതവണ വിചാരിച്ചു .എന്നോട് തന്നെയുള്ള വാശിയിൽ വേണ്ടെന്നു വെച്ചു.എന്നെ ഓർക്കുന്നേ ഉണ്ടാവില്ല .അല്ലെങ്കിൽ ഒരു തവണയെങ്കിലും വന്നേനെ .എന്നെ വേണ്ടാത്തോരെ എനിക്കും വേണ്ട എന്നൊക്കെ ഞാൻ ഉള്ളിൽ  സ്വയം കലഹിച്ചു നിന്നു .പിന്നെയും ഒരൊറ്റ തവണ കൂടി ഞാനവനെ കണ്ടു,വർഷങ്ങൾക്കു ശേഷം ബന്ധു വീട്ടിലെ ചേച്ചിയുടെ കല്യാണത്തിന്....പൊടി മീശക്കാരനെ കണ്ടു ഞാൻ ഒരുപാട് സന്തോഷിച്ചു .പഴയ പിണക്കക്കാരി  ഉള്ളിൽ തന്നെ ഉള്ളതിനാൽ ഞാൻ മിണ്ടിയില്ല .ചിരിച്ചില്ല .കണ്ടിട്ടും കാണാത്ത മട്ടിൽ നടന്നു .ഒടുവിലവൻ എന്റടുത്ത്  വന്നു പറഞ്ഞു .
                                "നിയ്ക്കു  ഒരൂട്ടം  പറയാനുണ്ട് ..."
      ഞാനാകെ സന്തോഷപ്പൂരത്തിലായെങ്കിലും  അവന്റെ  "ഒരൂട്ടം" ആർക്കു കേൾക്കണമെന്ന മട്ടിൽ വെട്ടിത്തിരിഞ്ഞു  നടന്നു കളഞ്ഞു. ഓരോ തവണയും അവഗണിച്ചു വിട്ടു കൊണ്ട് എൻറെ വേനലുരുകലുകൾക്കു  പകരം വീട്ടി . എന്തിനായിരുന്നു ദൈവമേ  അതൊക്കെ ...തിരിച്ചു പോയിനി തിരുത്താനാവില്ലല്ലൊ  എന്നോർത്തു ,എന്റെയുള്ളിലെ അഹന്തയെ ശപിച്ചു പിന്നെയും ഉരുകലിൻറെ  കാലമായിരുന്നു .അവൻറെ  മാത്രം പറയലുകളല്ലാതെ  മറ്റൊന്നുമെനിക്കു കേൾക്കേണ്ടെന്ന തീരുമാനത്തിലാവുമ്പൊഴെക്കും  അവൻ കേൾക്കാത്ത  അകലത്തിൽ ആയി കഴിഞ്ഞിരുന്നു .."ഒരൂട്ടം" പറയാനാവാതെ അവൻ പോയത് തിരിച്ചു വരവില്ലാത്ത യാത്രയിലേക്കായിരുന്നു .കൂട്ടുകാരന്റെ ബൈക്കിൽ അമ്യുസ്മെന്റു  പാർക്കിലേക്ക് പോകും വഴി ഒരപകടം .....കേട്ടതൊക്കെ തോന്നലാവുമെന്ന  വിഭ്രാന്തിയിൽ  പിന്നെയും ഒരുപാട് കാലം ....
       
          പിന്നീടിങ്ങോട്ട്‌  അവഗണനയുടെ വേദന ഓരോ തവണ അനുഭവിക്കുമ്പൊഴും മനസ്സിൽ ഞാൻ മാപ്പിരക്കാറുണ്ട് ,ആ "ഒരൂട്ടം”പറയലിനു കാതു കൊടുക്കാതെ വേദനിപ്പിച്ചു വിട്ടതിന് .......ആ വേദനയുടെ ആഴം ഒരുപാടാവണം .അതാവുമിപ്പോൾ ദൈവമെനിക്ക് അതേ  വേദനയുടെ തിരിച്ചറിവുകൾ തന്നു ശിക്ഷിച്ചു കൊണ്ടിരിക്കുന്നത്‌ "