"ഓരോ നിമിഷത്തിലെ അനുഭവങ്ങളും
ഒറ്റപ്പെട്ടിരിക്കുന്നില്ല .അതിനൊരു തുടർച്ച അങ്ങു ഓർമ്മകളുടെ അറ്റത്തു നിന്നും തുടങ്ങി
ഇന്നിലൂടെ വരാനിരിക്കുന്ന മറ്റെന്തിലോ കോർത്തിരിക്കുന്നു.അത് പിന്നെയും നീണ്ടു നീണ്ടങ്ങനെ
....
ഇന്നലെ ബ്രണ്ണനിലെ നീളൻ വരാന്തയിലൂടെ
പോകുമ്പോൾ പേരറിയാത്തയാ പാട്ടുകാരൻ കുട്ടി "റസൂലെ നിൻ വരവാലെ ..."എന്ന് പാടി എൻറെ മനസ്സിനെ ഒരു
നീറുന്ന ഓർമ്മയിൽ കോർത്തു വെച്ചു.
വേനലവധി ആഘോഷിക്കുവാൻ ബന്ധു വീട്ടിൽ എത്താറുള്ള എന്റെ തൃശൂർക്കാരൻ ബാല്യകാലസുഹൃത്ത് പ്രസൂണ് ....എൻറെ കുഞ്ഞുസങ്കടങ്ങളുടെ ലോകത്ത് തനിച്ചാക്കലിന്റെ
ചുടു നേരങ്ങളിൽ തൃശൂർഭാഷയിൽ ചറ പറാ പലതും പറഞ്ഞ് ,"റസൂലെ നിൻ കനിവാലെ " പാടി തന്ന് ,രംഗപൂജ ചെയ്ത് ,നിറഞ്ഞ സ്നേഹത്താൽ ഒരുപാടുമ്മകൾ തന്ന് എന്നെയാകെ വിസ്മയത്തിലാക്കിയ എൻറെ പാട്ടുകാരൻ
..
എൻറെ മൂന്നു വേനലവധികൾ അവനാൽ നിറഞ്ഞു ....അഞ്ചാം
തരത്തിലെ അവധിക്കു അവൻ വന്നില്ല .അത്തവണ അവൻ പാലക്കാട്ടുള്ള ബന്ധു വീട്ടിലാ പോകുന്നതെന്ന് അവൻറെ വീട്ടിലെ ചേച്ചി
പറഞ്ഞു.ഞാനോരുപാട് സങ്കടപ്പെട്ടു .പിന്നെയും ഞാൻ തനിച്ചാക്കലിന്റെ വേനലിലുരുകി ...അടുത്ത തവണ വരുമായിരിക്കുമെന്നു
ആശ്വസിച്ചു .അവൻ പിന്നെ ഒരു വേനലവധിക്കും വന്നതേ ഇല്ല .ഞാൻ അവനോടു പിണങ്ങി .ഇനി വന്നാലും
മിണ്ടാൻ പോകുന്നെ ഇല്ലെന്നു മനസ്സിലുറച്ചു .അവനെക്കുറിച്ചു ബന്ധു വീട്ടിലെ വല്ലവരോടും
ചോദിച്ചാലൊന്നു പലതവണ വിചാരിച്ചു .എന്നോട്
തന്നെയുള്ള വാശിയിൽ വേണ്ടെന്നു വെച്ചു.എന്നെ ഓർക്കുന്നേ ഉണ്ടാവില്ല .അല്ലെങ്കിൽ ഒരു
തവണയെങ്കിലും വന്നേനെ .എന്നെ വേണ്ടാത്തോരെ എനിക്കും വേണ്ട എന്നൊക്കെ ഞാൻ ഉള്ളിൽ സ്വയം കലഹിച്ചു നിന്നു .പിന്നെയും ഒരൊറ്റ തവണ കൂടി
ഞാനവനെ കണ്ടു,വർഷങ്ങൾക്കു ശേഷം
ബന്ധു വീട്ടിലെ ചേച്ചിയുടെ കല്യാണത്തിന്....പൊടി മീശക്കാരനെ കണ്ടു ഞാൻ ഒരുപാട് സന്തോഷിച്ചു
.പഴയ പിണക്കക്കാരി ഉള്ളിൽ തന്നെ ഉള്ളതിനാൽ
ഞാൻ മിണ്ടിയില്ല .ചിരിച്ചില്ല .കണ്ടിട്ടും കാണാത്ത മട്ടിൽ നടന്നു .ഒടുവിലവൻ എന്റടുത്ത് വന്നു പറഞ്ഞു .
"നിയ്ക്കു
ഒരൂട്ടം പറയാനുണ്ട് ..."
ഞാനാകെ സന്തോഷപ്പൂരത്തിലായെങ്കിലും അവന്റെ
"ഒരൂട്ടം" ആർക്കു കേൾക്കണമെന്ന മട്ടിൽ വെട്ടിത്തിരിഞ്ഞു നടന്നു കളഞ്ഞു. ഓരോ തവണയും അവഗണിച്ചു വിട്ടു കൊണ്ട്
എൻറെ വേനലുരുകലുകൾക്കു പകരം വീട്ടി . എന്തിനായിരുന്നു
ദൈവമേ അതൊക്കെ ...തിരിച്ചു പോയിനി തിരുത്താനാവില്ലല്ലൊ എന്നോർത്തു ,എന്റെയുള്ളിലെ അഹന്തയെ ശപിച്ചു
പിന്നെയും ഉരുകലിൻറെ കാലമായിരുന്നു .അവൻറെ മാത്രം പറയലുകളല്ലാതെ മറ്റൊന്നുമെനിക്കു കേൾക്കേണ്ടെന്ന തീരുമാനത്തിലാവുമ്പൊഴെക്കും അവൻ കേൾക്കാത്ത അകലത്തിൽ ആയി കഴിഞ്ഞിരുന്നു .."ഒരൂട്ടം"
പറയാനാവാതെ അവൻ പോയത് തിരിച്ചു വരവില്ലാത്ത യാത്രയിലേക്കായിരുന്നു .കൂട്ടുകാരന്റെ ബൈക്കിൽ
അമ്യുസ്മെന്റു പാർക്കിലേക്ക് പോകും വഴി ഒരപകടം
.....കേട്ടതൊക്കെ തോന്നലാവുമെന്ന വിഭ്രാന്തിയിൽ പിന്നെയും ഒരുപാട് കാലം ....
പിന്നീടിങ്ങോട്ട് അവഗണനയുടെ വേദന ഓരോ തവണ അനുഭവിക്കുമ്പൊഴും മനസ്സിൽ
ഞാൻ മാപ്പിരക്കാറുണ്ട് ,ആ "ഒരൂട്ടം”പറയലിനു
കാതു കൊടുക്കാതെ വേദനിപ്പിച്ചു വിട്ടതിന് .......ആ വേദനയുടെ ആഴം ഒരുപാടാവണം .അതാവുമിപ്പോൾ
ദൈവമെനിക്ക് അതേ വേദനയുടെ തിരിച്ചറിവുകൾ തന്നു
ശിക്ഷിച്ചു കൊണ്ടിരിക്കുന്നത് "
നഷ്ടബോധം ഒരു വിങ്ങലായി ..്....,കാലം മായ്ക്കാതെ എന്നും ഉള്ളിന്റെ ഉള്ളിൽ മായാതെ..്്!!!,അറിയുന്നു നിൻമനം.........!!!
ReplyDelete:-)
ReplyDelete