ആഗ്രാ കോട്ടയിലെ ജാസ്മിൻ
കൊട്ടാരത്തിൻറെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടുകിട്ടിയ ജഹനാരയുടെ ആത്മകഥയിലൂടെ രണ്ടു
ദിവസങ്ങളിലായി ഞാൻ മുഗൾ കൊട്ടാരങ്ങളിലെ ഗാംഭീര്യതയിൽ ജഹനാരക്കൊപ്പം അവളുടെ സങ്കടങ്ങളിൽ
അലയുകയായിരുന്നു .
അവൾ പറഞ്ഞു
"ആഗ്രാ കോട്ടയിലെ ഈ സൗധത്തിലിരുന്ന്
കൈ വിളക്കിൻറെ മങ്ങിയ പ്രകാശത്തിലിരുന്ന് വിറയ്ക്കുന്ന കരങ്ങളോടെ ഞാൻ ആത്മകഥ എഴുതും
.എന്നാൽ എൻറെ അന്തരംഗത്തിലെ രഹസ്യം രഹസ്യമായി തന്നെ സൂക്ഷിക്കും ."
എന്തും
തുറന്നു പറയാനുള്ള ഇന്നത്തെ പെണ്‍കുട്ടികളുടെ ചങ്കൂറ്റത്തൊട് അസൂയപ്പെട്ടു ജഹനാര തുടർന്നു
.
"അങ്ങനെ ചെയ്തില്ലെങ്കിൽ
പിന്നെ ഞാൻ എങ്ങിനെ ജീവിക്കും .ഞാൻ ഒരു സ്ത്രീയാണ് ...വെറുമൊരു രാജകുമാരിയായ സ്ത്രീ
."
ഷാജഹാൻ ചക്രവർത്തിയുടെ പുത്രി ജഹനാര ...അവൾ മുഗൾ
രാജകുമാരിമാരിൽ ഏറെ വ്യത്യസ്ത ആയിരുന്നു.അന്ധവും
ക്രൂരവുമായ രാജശാസനകളെ അവൾ വെറുത്തു .ഔറംഗസീബിനെ തള്ളി പറഞ്ഞു. ഔറംഗസീബ് പിതാവായ ഷാജഹാനെ തടവിലിട്ടപ്പോൾ ജഹനാരയും
തുറുങ്കിലായി.സഹോദരൻ ദാരയായിരുന്നു അടുത്ത കിരീടാവകാശി എങ്കിൽ അവൾ കാത്തുവെച്ച ഒരു
മോഹം പൂവണിയുമായിരുന്നു .ബുന്ദിയിലെ രജപുത്ര
രാജാവ് ഛത്രസാലനുമായുള്ള തൻറെ വിവാഹം ..
മുതു മുത്തച്ഛനായ അക്ബറിന്റെ ഒരു ശാസനം മുഗൾ പെണ്മക്കളുടെ ജീവിതത്തിൽ കരിനിഴൽ
വീഴ്ത്തി .രാജവംശത്തിലെ പെണ്‍കുട്ടികൾ വിവാഹിതരാവരുത് എന്നായിരുന്നു ആ കല്പന .ദാര ചക്രവർത്തി
ആകുന്നതും ആ നിയമം തിരുത്തപെടുന്നതും പ്രാർഥിച്ചു ജഹനാര കാത്തിരുന്നു ...എന്നാൽ യമുനയിലൂടെ
രക്തമൊഴുകുന്നത് കാണാനായിരുന്നു അവൾക്കു വിധി .
യുദ്ധത്തിൽ ഛത്രസാലൻ കൊല്ലപ്പെട്ടതിനു ശേഷം
ഏകാകിനിയായ ജഹനാരയുടെ മേൽ ഔറംഗസീബിന്റെ മറ്റൊരു കല്പന ഇടിത്തീ പായിച്ചു .തൻറെ രാജ്യത്തു
സംഗീതം നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് .തങ്ങളുടെ സംഗീതോപകരണങ്ങളും പേറി ഗായകർ തെരുവിലൂടെ വിലാപയാത്ര നടത്തുന്നത് ,ഒരു കാലത്ത് ഭരണത്തിന്റെ ചുക്കാൻ പിടിച്ചിരുന്ന
ജഹനാര നിസംഗയായി കണ്ടു നിന്നു .
ക്രൂരനായ ഔറംഗസീബിനു മാപ്പുകൊടുക്കാൻ
തക്ക ഹൃദയവിശാലത അവൾക്കുണ്ടായിരുന്നു .സഹോദരനായ മുരാദിനെ ബുദ്ധി ഭ്രംശം വരുത്തി ഇഞ്ചിഞ്ചായി
കൊല്ലാനുള്ള 'പപിർനീർ 'കുടിപ്പിച്ച
ഔറംഗസീബിനു ജഹനാര മറ്റൊരു പാനപാത്രം നല്കുന്നു.വിഷത്തിനു പകരമതിൽ ഹിംസയെ ഉന്മൂലനം
ചെയ്യുന്ന ദുഖമെന്ന അമൃതധാരയായിരുന്നു.
തൻറെ ശവകുടീരത്തിലെ സ്മാരക ശിലയിൽ രേഖപ്പെടുത്താൻ
അവൾ ജീവിതത്തിന്റെ ആത്യന്തിക പാഠം ഇങ്ങനെ എഴുതി വെച്ചു .
"പുൽപ്പരപ്പല്ലാതെ എൻറെ സമാധിക്കുമേൽ ഒരു ആവരണവും പാടില്ല .ഈ ഏളിയവളുടെ
സമാധിയുടെ മേൽവിരി പുല്ലിൻറെ പച്ചപ്പായിരിക്കട്ടെ ."
ആ
അന്ത്യസന്ദേശത്തിനു കീഴെ അവൾ തനിക്കുള്ള വിശേഷ
വാക്യങ്ങൾ ഇങ്ങനെയും കുറിച്ചിട്ടു .
"സൂഫി വര്യനായ ചിസ്തിയുടെ
ശിഷ്യയും ഷാജഹാൻ ചക്രവർത്തിയുടെ പുത്രിയുമായ ജഹനാര -ക്ഷണഭംഗുരയായ ജഹനാര "
ജഹനാരയുടെ
ചിന്തകൾക്കൊപ്പം കൈകോർത്തു മുഗൽകൊട്ടാരത്തിലെ പടവുകളിലിരിക്കെ എൻറെ മൊബൈലിലേക്ക് ഒരു
മെസ്സേജ്...എൻറെയൊരു സുഹൃത്ത് ഷാജഹാന്റെ ...അതിങ്ങനെ ആയിരുന്നു
"എൻറെ മകൾക്ക് ഒരു നല്ല പേര് വേണം "
മുഗൾ ചക്രവർത്തി ഷാജഹാന്റെ പ്രിയപുത്രി ജഹനാരക്കൊപ്പം ചിന്തകളുടെ
മായികതയിൽ അലഞ്ഞതിന്റെയും ആ സന്ദർഭത്തിൽ തന്നെ അതേ പേരുകാരൻ മകൾക്കൊരു പേരിനു വേണ്ടി മെസ്സേജ് അയച്ചതിലും ഭ്രമിച്ചു ഞാൻ മറുപടി അയച്ചു.
"നിർമ്മിതികളുടെ രാജകുമാരാ ...അങ്ങേക്കു പ്രണാമം
...ഉചിതവും ഗംഭീരവുമായ ഒരു നാമധേയം അങ്ങയുടെ പുത്രിക്ക് ചരിത്രം തന്നെ നല്കിയിട്ടുണ്ട്
.ഞാനതിനു ഒരു നിമിത്തം മാത്രമാവുന്നു.'ജഹനാര അഥവ ക്ഷണഭംഗുര '...ഇതിലും ഉചിതമായ മറ്റൊരു പേര് ഞാനെങ്ങനെ നിർദ്ദേശിക്കാനാണ്.അങ്ങയും
പുത്രിയും ഒരു തടവറകളിലും അടക്കപ്പെടാതിരിക്കട്ടെ ....അവളുടെ പ്രണയവും സംഗീതവും നിഷേധിക്കപ്പെടാതിരിക്കട്ടെ
...അങ്ങയുടെ പുത്ര വാത്സല്യം പുത്രി വാത്സല്യത്തിനു തടസമാവതിരിക്കട്ടെ ..."
മെസ്സെജ് മുഴുവൻ വായിച്ചോ
എന്നറിയില്ല ...ഉടൻ വന്നു അവൻറെ വിളി ..
"പേരൊക്കെ കൊള്ളാം ...ഇഷ്ടായി ...പക്ഷേ ....ഇൻറെ
പെരാന്ത് എനിയും മാറീറ്റില്ല ..അല്ലെ ?"
ഒന്നു ചമ്മിയെങ്കിലും എൻറെ പെരാന്തിനെ കുറിച്ച് അവനോടെന്തു
പറയാൻ ...പകരം ഞാൻ ജഹനാരക്കൊപ്പം ചിന്തിച്ചു ....ചിരിച്ചു ....പിന്നെ ഞങ്ങൾ ഒരുമിച്ചെഴുതി
..
"എൻറെ ശവകുടീരത്തിനാവരണം ഹരിത തൃണമായിരിക്കട്ടെ...പാദ
ദലിതമാക്കുകയാണെങ്കിലും പുല്ല് വീണ്ടും കിളിർക്കുമല്ലോ "
അറിവുകൾക്ക് കടപ്പാട്
-1) സുഭാഷ് ചന്ദ്രൻ
മാതൃഭൂമി തൊഴിൽ വാർത്ത
ഹരിശ്രീ
2) എം .എൻ .സത്യാർത്ഥി
ജഹനാര - മാതൃഭൂമി ബുക്സ്
ഇതാണ് രേഖയുടെ ഏറ്റവും നല്ല കുറിപ്പ് ( ലേഖനം/കഥ)
ReplyDelete