Sunday, 16 February 2014

ഓർമ്മയുടെ പഴയ താളുകളിൽ നിന്നുമൊരു മയിൽ പീലിത്തുണ്ട് കണ്ടെടുക്കുമ്പോൾ.....

ഓർമ്മയുടെ പഴയ താളുകളിൽ നിന്നുമൊരു മയിൽ പീലിത്തുണ്ട് കണ്ടെടുക്കുമ്പോൾ .


പുസ്തകയലമാരയിൽ നിന്നും ആകസ്മികമായി കിട്ടിയ പഴയ ഡയറിയിലെ ഇളകി മാറിയ ഒരു താൾ .മാർച് / 31/  2004 എന്ന് തീയതിപ്പെടുത്തിയ ഒന്ന് ...10 വർഷം മുമ്പത്തെ ഒരു ദിനാന്ത്യ കുറിപ്പ് 10 വർഷങ്ങൾക്കിപ്പുറം വായിക്കുമ്പോൾ ....


മാർച് 31
 2004
        
"പുഴവക്കത്തെ കാറ്റും സെമിനാരിപള്ളിയിലെ മെഴുകുതിരി വെളിച്ചത്തിനു മുന്നിലെ മുട്ടുകുത്തി പ്രാർത്ഥനകളും റെയിൽവേ പ്ലാറ്റ്ഫോമിനടുത്തുള്ള വാകമരങ്ങളും ഒറ്റപെട്ടിരിക്കുന്ന സിമെന്റു ബെഞ്ചിൽ  തീവണ്ടിയിൽ നിന്ന് കൈ വീശി മറയുന്നവരെ നോക്കി ആരെയോ കാത്തിരുന്നതും നിറയെ ഇലകൾ വീണു കിടക്കുന്ന വഴിയിലൂടെ കടൽ  കാഴ്ച കാണാൻ പോയതും അകലെ ...വളരെ അകലേക്ക്‌ നീണ്ടു പോവുന്ന സമാന്തരങ്ങളായ റെയിൽ പാളത്തിലുടെ എവിടെക്കോ  പോകാനാഗ്രഹിച്ചതും .............എന്ത് സുഖമായിരുന്നു ഇപ്പോൾ നൊമ്പരമായി പടരുന്ന ആ ദിനങ്ങളും ഓർമ്മകളും ...! പ്രിയപ്പെട്ട കൂട്ടുകാരി  എന്താണു നിൻറെ സ്വാർ ത്ഥമല്ലാത്ത സൌഹൃദത്തിനു മാത്രം ഞാൻ ചെയ്ത മുൻജന്മ പുണ്യം? അകൽച്ചയില്ലാതെ  എത്രത്തോളം നാമീ തീവണ്ടി മുറികളിൽ ഒരുമിച്ചിരുന്നു യാത്ര നടത്തും .അതിനുമൊരു പരിധി കല്പിച്ചിട്ടുണ്ടാകുമല്ലോ  ....
                             ഇന്ന് മാർച്ച് തീരുകയാണ് .മാർച്ചുകൾ  ഇനിയും വരും പോകും.നമ്മളും പിരിയും ...എൻറെ രാജ്യമില്ലാരാജ കുമാരനെന്ന സ്വപ്നം പോലിതും  വെറുമൊരു സ്വപ്നപരിവേഷം നല്കി ഉപേക്ഷ വിചാരിക്കാൻ അകമേ നിന്നാരോ തിരക്ക് കൂട്ടുന്നു .ഏകാന്തതയിൽ തോണി തുഴഞ്ഞു പോവുന്നതിലെ സന്തോഷത്തെ പറ്റി പറയാൻ ,പുഴയിലെ ഓളങ്ങളെ തന്നെ നോക്കിയിരിക്കുമ്പോൾ തലകറങ്ങുന്നല്ലൊ എന്ന് പറയാൻ ,പറയുന്നത് കേൾക്കാൻ ഇനിയുമൊരു മാർച്ചിൽ നീ അരികെ ഉണ്ടായിരിക്കുകയില്ല.പക്ഷെ ഞാൻ അപ്പോഴും രാജകുമാരനെ സ്വപ്നം കാണും ,ഏകാന്തതയിൽ തോണി തുഴയാൻ ഇഷ്ടപെടും ,വാകമരങ്ങൾ പൊഴിച്ചിട്ട ചെറിയ ഇലകൾ  നിറഞ്ഞ എന്റെ പ്രിയപ്പെട്ട റെയിൽവേ സ്റ്റേഷനിലെ  സിമെന്റു ബെഞ്ചിൽ തീവണ്ടി പോകുന്നത് നോക്കിയിരിക്കും ...അന്ന് നീയെനിക്കൊരു ഗ്രിഹാതുരതയായിമാറും ..അതിൽ നിന്നുമൊരു ഇലമുളപ്പിന്റെ പതുപതുപ്പു ഞാൻ കണ്ടെടുക്കും ...ഇനിയുമിനിയും ജീവിക്കാൻ ....."

1 comment:

  1. ആ മയിൽപീലിയുടെ ഹൃദയസ്പർശനം അറിയുന്നു...... പ്രണയസൗധം നാം അറിയാതെയടുത്തീടും കലാലയജീവിതം എന്നും ഒരു നഷ്ട്സ്വപ്നം തന്നെയാണ്......!!!

    ReplyDelete